ചെറുതോണി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് റിപ്പോര്‍ട്ടിന്റെ പേരില്‍ ഡീൻ കുര്യാക്കോസ് എംപിയെയും റോയി കെ. പൗലോസ് എംഎൽഎയെയും എൽഡിഎഫ് കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ പാപ്പരത്തംകൊണ്ടാണെന്ന് യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. വിഷയത്തിൽ സിപിഎം, കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടികള്‍ കുപ്രചാരണം നടത്തുകയാണ്. വനംവകുപ്പ് അഞ്ചുവര്‍ഷം മുമ്പ് പിടിച്ച ജെസിബി വിട്ടുനൽകാത്തത് ഇപ്പോഴത്തെ എംഎല്‍എയുടെ കുഴപ്പംകൊണ്ടാണെന്ന് ആരോപിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎം കണ്ണടച്ചു ഇരുട്ടാക്കുകയാണ്. മുന്‍ എംഎല്‍എയുടെ പദ്ധതികള്‍ വെട്ടിമാറ്റിയെന്ന കേരള കോണ്‍ഗ്രസ്-എം നേതാക്കളുടെ പ്രസ്താവനയും അടിസ്ഥാനരഹിതമാണ്.
തോപ്രാംകുടി സഹകരണ ബാങ്കില്‍ ഉൾപ്പെടെ എല്‍ഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടായതിനാൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം ചെയര്മാന് എം.കെ. പുരുഷോത്തമൻ, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, എ.പി. ഉസ്മാന്, വര്‍ഗീസ് വട്ടിയാങ്കല്, അഡ്വ. അനീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.